International
ടുണിസ്: ജിഹാദിസ്റ്റുകൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേരാനായി സിറിയയിലേക്കു യാത്രാസൗകര്യം ഒരുക്കിയെന്ന കേസിൽ ടുണീഷ്യയിലെ മുൻ പ്രധാനമന്ത്രി അലി ലാറായദ്ദിന് കോടതി 24 വർഷം തടവുശിക്ഷ വിധിച്ചു.
2013 മുതൽ 2014 വരെയാണ് ലാറായദ്ദ് പ്രധാനമന്ത്രിയായിരുന്നത്. 2011 ലെ ടുണീഷ്യൻ വിപ്ലവത്തിനു പിന്നാലെ നൂറുകണക്കിനു പേർ സിറിയ, ഇറാക്ക്, ലിബിയ രാജ്യങ്ങളിലേക്കു പോയതിന്റെ പേരിൽ അദ്ദേഹം വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
അതേസമയം, 2022ലാണ് ലാറായദ്ദിനെ അറസ്റ്റ് ചെയ്യുന്നത്. 2021ൽ പാർലമെന്റ് പിരിച്ചുവിട്ട് ഭരണത്തിൽ പിടിമുറുക്കിയ പ്രസിഡന്റ് കായിസ് സെയ്ദ് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായിട്ടാണു ലാറായദ്ദിനെതിരേ കേസെടുത്തതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു.
National
സഹാരൺപുർ: ചാരവൃത്തിക്കേസിൽ യുപിയിലെ ഗൗതംബുദ്ധനഗർ ജയിലിൽ പതിനേഴുവർഷമായി തടവിൽക്കഴിഞ്ഞ പാക് പൗരനെ ജന്മനാട്ടിലേക്കു നാടുകടത്തി.
ദേവരാജ് സെഹ്ഗാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയ ഇഖ്ബാൽ ഭട്ടിയെ തിങ്കളാഴ്ച രാത്രി കനത്ത സുരക്ഷയിൽ വാഗ അതിർത്തിയിൽ പാക് അധികൃതർക്കു കൈമാറുകയായിരുന്നുവെന്ന് യുപി എഡിജിപി മനോജ് യാദവ് അറിയിച്ചു.
ശിക്ഷാ കാലാവധി പതിനൊന്നുമാസം മുന്‍പ് പൂർത്തിയായതിനെത്തുടർന്ന് ഭട്ടിയെ കഴിഞ്ഞ മാർച്ച് 22നു മോചിപ്പിച്ചിരുന്നു. തുടർന്ന് ഷഹാരൻപുരിലെ തടങ്കൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഹകികാത് നഗറിലെ വാടകവീട്ടിൽ ദേവരാജ് എന്ന പേരിൽ കഴിഞ്ഞിരുന്ന ഇയാൾ പ്രദേശത്തെ ആളുകളുമായി ബന്ധംസ്ഥാപിച്ചാണ് ചാരവൃത്തിക്കു കളമൊരുക്കിയത്. വോട്ടർ ഐഡിയും പാൻകാർഡും റേഷൻകാർഡും മാത്രമല്ല സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് വരെ ഇദ്ദേഹം തുടങ്ങി. എങ്കിലും സംശയത്തിന്റെ പേരിൽ ബാങ്ക് ഓഫീസർ ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകി.
ഇതിനിടെ 2008ൽ പട്യാലയിൽ തന്ത്രപ്രധാന സൈനികരേഖകളും മാപ്പുമായി ഭട്ടിയെ പഞ്ചാബ് പോലീസ് പിടികൂടി. ഇയാളെ സഹാരൺപുരിൽ എത്തിച്ചശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചാരവൃത്തി സ്ഥിരീകരിച്ചത്. തുടർന്നാണ് കോടതി 17 വർഷം തടവുശിക്ഷ വിധിച്ചത്. ജയിൽമോചിതനായതോടെ പാക്കിസ്ഥാനിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ഭട്ടി പ്രകടിപ്പിക്കുകയായിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രണ്ട് വ്യത്യസ്ത അഴിമതിക്കേസുകളിൽ പത്തു വർഷം തടവ്.
സർക്കാർ ഭവനനിർമാണ പദ്ധതിയിൽ ഭൂമി നല്കിയ കേസിലാണ് ധാക്കയിലെ പ്രത്യേക ജഡ്ജിയുടെ കോടതി ശിക്ഷ വിധിച്ചത്.
ഷേഖ് ഹസീനയുടെ സഹോദരപുത്രനും മുൻ ബ്രിട്ടീഷ് മന്ത്രിയുമായ തുലിപ് സിദ്ദിഖ് അടക്കമുള്ളവർക്ക് ഭൂമി നല്കിയ കേസിലാണു വിധി. സിദ്ദിഖിന്റെ ഇളയ സഹോദരി അസാമൻ സിദ്ദിഖ്, സഹോദരൻ റദ്വാൻ മുജീബ് സിദ്ദിഖ് ബോബി എന്നിവരെ ഏഴു വർഷം തടവിനു ശിക്ഷിച്ചു.
International
സിയൂൾ: ദക്ഷിണകൊറിയൻ മുൻ പ്രഥമ വനിതയ്ക്ക് കൈക്കൂലി കേസിൽ 20 മാസം തടവ്.
മുൻ പ്രസിഡന്റ് യൂൺ സൂക് യോളിന്റെ ഭാര്യ കിം കിയോൺ ഹിക്കിനെയാണു സിയൂൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി തടവിനു ശിക്ഷിച്ചത്. 52കാരിയായ കിം കിയോൺ യൂണിഫിക്കേഷൻ ചർച്ചിൽനിന്ന് ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചെന്നാണ് ആരോപണം.
ഓഹരിവിലയിൽ കൃത്രിമം കാണിച്ചെന്ന ആരോപണത്തിലും തെരഞ്ഞെടുപ്പ് ഫണ്ട് നിയമങ്ങൾ ലംഘിച്ചുവെന്ന കേസിലും കോടതി ഇവരെ കുറ്റമുക്തയാക്കി.
കിമ്മിന്റെ ഭർത്താവ് യൂൺ സുക് യോൾ 2024 ഡിസംബറിലെ പട്ടാളനിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലാണ്.
District News
ചാരുംമൂട്: പോക്സോ കേസിൽ രണ്ടു പ്രതികൾക്ക് 75 വർഷം തടവും 4,75,000 രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
നൂറനാട് പാലമേൽ ഉളവക്കാട് വന്മേലിൽ വീട്ടിൽ അനന്തു (23), നൂറനാട് പുലിമേൽ കമ്പിളിവിളയിൽ വീട്ടിൽ അമൽ കുമാർ (21 ) എന്നിവർ ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കൂട്ട ബലാത്സംഗം ചെയ്തതിന് നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പ്രതികൾക്കെതിരേ ശിക്ഷ വിധിച്ചത്. നൂറനാട് പോലീസ് സബ് ഇൻസ്പക്ടർ നിതീഷ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡിവൈഎസ്പിമാരായ കെ.എൻ. രാജേഷ്, എം.കെ. ബിനുകുമാർ എന്നിവർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരേ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.
Kerala
കൊച്ചി: 14 വര്‍ഷമായി തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി. കോട്ടയം കുന്നേല്‍പ്പീടികയില്‍ വിജീഷ് വധക്കേസിലെ പ്രതി പാമ്പാടി വെള്ളൂര്‍ സ്വദേശി സി.ജി. ബാബുവിനെയാണു വെറുതെ വിട്ടത്.
വിചാരണവേളയില്‍ അര്‍ഹമായ നിയമസഹായം ലഭിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജഡ്ജിക്ക് ആ ചുമതല ഏറ്റെടുക്കാനാകില്ലെന്നതുമടക്കം ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കി വെറുതെവിട്ടത്.
2011 സെപ്റ്റംബര്‍ 18ന് ഓണാഘോഷത്തിനിടെയാണു വിജീഷ് കുത്തേറ്റു മരിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ വിചാരണക്കോടതി ജഡ്ജി വിസ്താരം നടത്തിയിരുന്നെങ്കിലും വിചാരണവേളയില്‍ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്നു കോടതി വിലയിരുത്തി.
തെളിവുകള്‍ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകനെ ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദവും ശരിവച്ചു. പ്രതി 14 വര്‍ഷം തടവുശിക്ഷ അനുഭവിച്ചതിനാല്‍ പുനര്‍വിചാരണ നടത്തുന്നത് ന്യായമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണുണ്ടായതെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
International
സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു.
അദ്ദേഹം വിചാരണ നേരിടുന്ന നാലു കേസുകളിൽ ആദ്യത്തെ വിധിയാണിത്. പട്ടാളനിയമം നടപ്പാക്കാനുള്ള യൂണിന്റെ നീക്കം രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.
അധികാര ദുർവിനിയോഗം, നീതിനിർവഹണത്തിനു തടസംനിൽക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ യൂൺ ചെയ്തതായി കോടതി കണ്ടെത്തി. മന്ത്രിസഭയുടെ അനുമതി വാങ്ങാതെ പട്ടാളനിയമം പ്രഖ്യാപിക്കൽ, പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പട്ടാളനിയം പ്രഖ്യാപിക്കുന്നതിനെ പിന്തുണച്ചിരുന്നു എന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമയ്ക്കൽ, അറസ്റ്റ് തടയാൻ പ്രസിഡൻഷ്യൻ ബോഡിഗാർഡുകളെ വിന്യസിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ കുറ്റങ്ങൾ തെളിഞ്ഞത്.
വിചാരണ നേരിടുന്ന മറ്റു കേസുകളിലും യൂണിനു കോടതിയിൽനിന്നു ദയ ലഭിക്കില്ലെന്ന സൂചനയാണ് ഇന്നലത്തെ വിധിയിൽനിന്നു ലഭിക്കുന്നത്. ഒരു കേസിൽ കലാപമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന യൂണിന് വധശിക്ഷ നല്‍കണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. ഈ കേസിന്റെ വിധി അടുത്ത മാസം പ്രഖ്യാപിക്കും.
ദേശീയ സുരക്ഷ, രാഷ്ട്രീയ അനിശ്ചിതത്വം എന്നീ കാരണങ്ങൾ പറഞ്ഞാണ് 2024 ഡിസംബർ മൂന്നിനു യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. മണിക്കൂറുകൾകകം പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം അസാധുവാക്കി. ദിവസങ്ങൾക്കുള്ളിൽ യൂണിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ആറു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റായി.
ദക്ഷിണകൊറിയയിൽ ഭരണാധികാരികൾക്കു ജയിൽശിക്ഷ ലഭിക്കുന്നത് ഇതാദ്യമല്ല. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻ ഹ്യുവിന് 2021ൽ 20 വർഷത്തെ ജയിൽശിക്ഷ ലഭിച്ചെങ്കിലും വൈകാതെ മാപ്പു നല്കി മോചിപ്പിച്ചു.
Kerala
കോഴിക്കോട്: പോക്സോ കേസ് പ്രതിക്ക് 20 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തൃശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഓഗസ്റ്റിലാണ് സംഭവം. 14 കാരിയായ വിദ്യാർഥിനിയോടു പ്രതി ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽവച്ചും തൃശൂരിലെ പ്രതിയുടെ വീട്ടിൽവച്ചും ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്.
വിദ്യാർഥിനിയുടെ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) മുൻ മേധാവി ഫയീസ് ഹമീദിന് പട്ടാളകോടതി 14 വർഷത്തെ തടവുശിക്ഷ വിധിച്ചു.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു, രാഷ്ട്രീയ പ്രവർത്തനം നടത്തി തുടങ്ങിയ കുറ്റങ്ങൾക്കാണു ശിക്ഷയെന്ന് പാക് സൈന്യം അറിയിച്ചു.
രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഐഎസ്ഐയുടെ മേധാവി ശിക്ഷിക്കപ്പെടുതന്നത് ഇതാദ്യമാണ്. 2024 ഓഗസ്റ്റിലാണ് ഹമീദിനെതിരേ കോർട്ട് മാർഷൽ നടപടികളാരംഭിച്ചത്.
2019 മുതൽ 2021 വരെയാണ് ഹമീദ് ഐഎസ്ഐ മേധാവിയായിരുന്നത്. തുടർന്ന് സൈന്യത്തിൽ തിരിച്ചെത്തിയ അദ്ദേഹം ആസിം മുനീൻ പാക് സൈനിക മേധാവിയായതിനു പിന്നാലെ രാജിവയ്ക്കുകയായിരുന്നു.
National
ശ്രീനഗർ: സുരക്ഷാസൈന്യത്തിനു നേർക്ക് ആക്രമണം നടത്തിയ കേസിൽ പാക്കിസ്ഥാൻ ഭീകരന് പത്തു വർഷം കഠിന തടവ്.
അബു ഉകാസ എന്നറിയപ്പെടുന്ന ഹൻസള്ള യാസീൻ റായിയെ ആണ് കുപ്വാരയിലെ സെഷൻസ് കോടതി ശിക്ഷിച്ചത്.
പാക്കിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയാണ് ഉകാസ. 2016 ലാണ് പട്രോളിംഗ് സംഘത്തിനു നേർക്ക് ഉകാസ ഉൾപ്പെട്ട ഭീകരസംഘം ആക്രമണം നടത്തിയത്.
2016 ജൂൺ മുതൽ ഇയാൾ കസ്റ്റഡിയിലാണ്. അടുത്ത വർഷം ഇയാൾ ജയിൽമോചിതനായേക്കും.